അയോധ്യയിലെ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെയുള്ള വാഹനാപകട കേസിലെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നുള്ള നിർബന്ധിത നടപടികൾ വിലക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ കേസിനും ഭാവിയിൽ രജിസ്റ്റർ ചെയ്തേക്കാവുന്ന എഫ്.ഐ.ആറുകൾക്കും ഈ ഇടക്കാല സംരക്ഷണം ബാധകമായിരിക്കും.
എഫ്.ഐ.ആറിന്റെ പകർപ്പും സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഉപാധ്യായക്ക് കൈമാറാൻ ഉത്തർപ്രദേശ് പോലീസിന് കോടതി കർശന നിർദേശം നൽകി. ഇത് സംബന്ധിച്ച റിപ്പോർട്ട് സെപ്റ്റംബർ ഏഴിന് മുൻപായി സമർപ്പിക്കാൻ ഗാസിയാബാദ് പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്.ഐ.ആർ പകർപ്പ് ലഭിച്ച ശേഷം കേസ് റദ്ദാക്കാനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഹർജിക്കാരന് അനുമതി നൽകി.
ഓഗസ്റ്റ് 18-ന് ഗാസിയാബാദ് ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ റോഡിലെ തർക്കവുമായി ബന്ധപ്പെട്ട് എസ്.സി/എസ്.ടി ആക്ട് ഉൾപ്പെടെ ചുമത്തിയാണ് അഭിഷേകിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അയോധ്യ അഴിമതിയും യു.പിയിലെ മറ്റ് ക്രമക്കേടുകളും പുറത്തുകൊണ്ടുവന്നതിലുള്ള രാഷ്ട്രീയ പ്രതികാരനടപടിയായാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കേസെടുത്തിരിക്കുന്നതെന്ന് അഭിഷേക് ആരോപിച്ചിരുന്നു.