തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം: കോൺഗ്രസ് പിന്തുണ തേടി വിജയ്; കെ.സി. വേണുഗോപാലിന് കത്തയച്ചു

 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ടിവികെ അധ്യക്ഷൻ വിജയ്. കേവലഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ, കോൺഗ്രസിന്റെ പിന്തുണ തേടി വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ചു. ടിവികെയ്ക്ക് നിലവിൽ 107 സീറ്റുകളാണുള്ളത്.

118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ അഞ്ച് സീറ്റുകളുള്ള കോൺഗ്രസിന്റെയും ഒപ്പം ഇടതുപാർട്ടികളുടെയും വിസികെയുടെയും പിന്തുണ വിജയ് പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമായി കെ.സി. വേണുഗോപാൽ ഇന്ന് വിഷയത്തിൽ ചർച്ച നടത്തും.

ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസും ഇടതുപാർട്ടികളും തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതിനാൽ, സഖ്യം വിട്ട് വിജയിയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ വഞ്ചനയായി വിലയിരുത്തപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ സംസ്ഥാനത്ത് മറ്റൊരു തിരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കാൻ എം.കെ. സ്റ്റാലിൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സഖ്യകക്ഷികൾ പുറത്തുനിന്ന് വിജയിയെ പിന്തുണയ്ക്കുന്നതിൽ സ്റ്റാലിൻ എതിർപ്പ് പ്രകടിപ്പിച്ചേക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇതിനോടകം തന്നെ ഗവർണർക്ക് ഇമെയിൽ അയച്ച് സർക്കാർ രൂപീകരണത്തിന് വിജയ് അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനാണ് സാധ്യത.