അനധികൃതമായി നിയമനം നടത്തിയ അധ്യാപകന് സസ്‌പെൻഷൻ
അഡ്മിഷനിൽ ക്രമക്കേട് കാണിച്ച അധ്യാപകനെ സസ്‌പെൻറ് ചെയ്ത് തൃപുരയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. അഗർതലയിലെ റാംതാക്കൂർ കോളേജിലെ പ്രൊഫസർ അഭിജിത് നാഥ് എന്ന അധ്യാപകനെയാണ് സസ്‌പെൻറ് ചെയ്തത്. കോളേജിൽ അനധികൃതമായി അഡ്മിഷൻ നടന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി.
ജൂലൈ 18 ന് ഔദ്യോഗിക പ്രവേശന പട്ടികയിൽ പേരില്ലാത്ത ചില വിദ്യാർത്ഥികൾ കോളേജ് ഭരണകൂടത്തിന്റെ വ്യാജ ഒപ്പുകൾ പതിച്ച ഫീസ് കാർഡുകൾ കൈവശം വച്ചിരുന്നതായി കോളേജ് അധികൃതർ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഭിജിത് നാഥിൻറെ പങ്ക് വ്യക്തമാകുന്നത്. അനുമതിയില്ലാതെ ഓഫീസിൽ നിന്ന് 50 ഫീസ് കാർഡുകൾ എടുത്ത് തന്റെ വസതിയിൽ അഭിജിത് സൂക്ഷിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ ആ കാർഡുകളിൽ 28 എണ്ണം തിരികെ നൽകിയിരുന്നു എന്നാണ് അഭിജിത് പറഞ്ഞത്. മറ്റുള്ളവയെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഉത്തരം ഉണ്ടായിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.