മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

 

മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ടോടെ ലങ്ക നാഗ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.

ഡബ്ല്യു. ചാവാങ് എന്ന 34കാരനാണ് കൊല്ലപ്പെട്ടത്. തലയിൽ വെടിയേറ്റ ചാവാങ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അത്യാധുനിക ആയുധങ്ങളുമായി എത്തിയ സംഘം ഗ്രാമത്തിൽ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ മൂന്ന് പേരും ഗ്രാമവാസികളാണ്.

ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു. അക്രമികളെ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.

2023 മെയ് മുതൽ മണിപ്പൂരിൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.