തീവ്രവാദ ഫണ്ടിങ്, അനധികൃത നുഴഞ്ഞുകയറ്റം: നാല് സംസ്ഥാനങ്ങളിലായി 13 ഇടങ്ങളിൽ ഇ.ഡി പരിശോധന

 

തീവ്രവാദ ഫണ്ടിങ്ങും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളിലായി 13 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ലഖ്‌നൗ സോണൽ ഓഫീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.

ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്തതായും, റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാരെ അനധികൃതമായി ഇന്ത്യയിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകിയതായുമാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ഗണ്യമായ വിദേശ സംഭാവനകൾ സ്വീകരിച്ച ചില ചാരിറ്റബിൾ ട്രസ്റ്റുകളും സ്ഥാപനങ്ങളും, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ, മ്യൂൾ അക്കൗണ്ടുകൾ, ലെയർഡ് ഇടപാടുകൾ എന്നിവയിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി വഴിതിരിച്ചുവിടുന്നതായും എടിഎസ് അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.വിദേശ ഫണ്ടുകൾ തീവ്രവാദ പ്രവർത്തനങ്ങൾക്കും അനധികൃത ശൃംഖലകൾക്കും ഉപയോഗിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.