സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; മെഡിക്കൽ കോളജ് വിദ്യാർഥി എബേൽ അഗസ്റ്റിന് സസ്‌പെൻഷൻ

 

സഹപാഠികളായ വിദ്യാർഥിനികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥി എബേൽ അഗസ്റ്റിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ എബേലിനെതിരെ മെഡിക്കൽ കോളജ് പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷം വിദ്യാർഥിയും പാലക്കാട് സ്വദേശിയുമാണ് എബേൽ. സഹപാഠികളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ‌് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് എബേലിനെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തുടക്കത്തിൽ ഒന്നോ രണ്ടോ പേരുടെ പരാതിയിൽ മാത്രം കേസെടുത്ത പൊലീസ്, പ്രതിയെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇതിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. പരാതിയുമായി എത്തിയവരെ മണിക്കൂറുകളോളം കാത്തുനിർത്തിയെന്നും മുഴുവൻ വിദ്യാർഥിനികളുടെയും മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു

ഏകദേശം 13 വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്തതെന്നാണ് ആരോപണം. ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും, പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമായിരുന്നു വിദ്യാർഥികളുടെ പ്രധാന ആവശ്യം.