ഭാര്യയെ തലയറുത്ത് കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

 

അസമിൽ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി മൃതദേഹാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പോലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു. ഗുവാഹാട്ടി സ്വദേശി രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് ഇയാൾ നരകാസുര പർവതപ്രദേശത്തിന് സമീപമുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്നും ആരോപിച്ച് ഗോസ്വാമിയുടെ കുടുംബം രംഗത്തെത്തി. മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച കുടുംബം, റിയയുടെ മരണാനന്തര ചടങ്ങുകൾ നിർത്തിവെക്കുകയും ചെയ്തു. ഭാര്യ റിയ താലുദാറിന് (25) അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സെപ്റ്റംബർ മൂന്നിനാണ് ഗോസ്വാമി ക്രൂരകൃത്യം നടത്തിയത്. തുടർന്ന് ശരീരാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച ഇയാൾ, സെപ്റ്റംബർ ആറിനാണ് പോലീസിൽ കീഴടങ്ങിയത്.

തെളിവെടുപ്പിനിടെ കുറ്റബോധമില്ലെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഭാര്യയുടെ ബന്ധത്തിന് കാരണക്കാരനായ ആളേയും കൊല്ലുമെന്നും ഗോസ്വാമി പോലീസിനോട് പറഞ്ഞിരുന്നു. ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ കഴിയവേയാണ് സംഭവം.