ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാം; കവച്’ സുരക്ഷാ സംവിധാനം കേരളത്തിലും വരുന്നു

 

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ‘കവച്’ സുരക്ഷാ സംവിധാനം കേരളത്തിലും വരുന്നു. 106 കിലോമീറ്ററുള്ള ഷൊർണൂർ - എറണാകുളം സെക്‌ഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. വിവിധ സംസ്ഥാനങ്ങളിലായി 7228 കിലോമീറ്റർ പാതയിലാണ്  2200 കോടി രൂപ ചെലവിൽ പദ്ധതി ഈ വർഷം നടപ്പാക്കാൻ കരാർ ക്ഷണിച്ചത്. റേഡിയോ ഫ്രീക്വൻസി  അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കവച് ലോക്കോ പൈലറ്റുമാർക്ക് സിഗ്‌നൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകും.

ചുവന്ന സിഗ്‌നൽ തെറ്റായി മറികടന്നാൽ ഓട്ടമാറ്റിക്  ബ്രേക്ക്  പ്രവർത്തിച്ച് ട്രെയിൻ നിൽക്കും. രാജ്യത്തെ 68,000 കിലോമീറ്റർ ട്രാക്ക് ശൃംഖലയിൽ  1465 കിലോമീറ്ററിൽ ഇപ്പോൾ ഈ  സംവിധാനമുണ്ട്. 3000 കിലോമീറ്ററിൽ  സ്ഥാപിക്കാനുള്ള ജോലി നടന്നു വരുന്നു. ഇതിനു പുറമേയാണ് പുതിയ കരാർ . ഓട്ടമാറ്റിക് സിഗ്നലിങ് ഉള്ള റൂട്ടുകളിൽ കവച് നിർബന്ധമാണ്. എറണാകുളം - ഷൊർണൂർ പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ്  പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നു.