'കോൺഗ്രസ് കാട്ടിയത് വിശ്വാസവഞ്ചന; പിന്നിൽ നിന്ന് കുത്തി'; രൂക്ഷവിമർശനവുമായി ഡി.എം.കെ പ്രമേയം
തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം ഉപേക്ഷിച്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ നിയമസഭാ കക്ഷി യോഗം. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടി.വി.കെ) കോൺഗ്രസ് കൈകോർത്തതോടെ ദേശീയതലത്തിലെ പ്രതിപക്ഷ നിരയായ 'ഇന്ത്യ' സഖ്യം തകർന്നതായി ഡി.എം.കെ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. കോൺഗ്രസിന്റെ നീക്കത്തെ 'വിശ്വാസവഞ്ചന' എന്നും 'പുറകിൽ നിന്നുള്ള കുത്ത്' എന്നുമാണ് ഡി.എം.കെ വിശേഷിപ്പിച്ചത്.
കോൺഗ്രസ് തങ്ങളുടെ പഴയ സ്വഭാവം മാറ്റിയിട്ടില്ലെന്നും ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നത് തന്നെയാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ ചെയ്തതെന്നും ഡി.എം.കെ കുറ്റപ്പെടുത്തി. കഠിന ശ്രമത്തിലൂടെ നേടിയെടുത്ത തെരഞ്ഞെടുപ്പ് വിജയത്തെ അപകടത്തിലാക്കുന്ന നടപടിയാണിത്. സഖ്യമര്യാദകൾ ലംഘിക്കുന്നത് തമിഴ്‌നാട്ടിലെ മതേതര മുന്നണിയെ ദുർബലപ്പെടുത്തുമെന്നും ദ്രാവിഡ പ്രസ്ഥാനത്തിന് വിരുദ്ധമായ ശക്തികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ ഇടം നൽകരുതെന്നും യോഗം ഊന്നിപ്പറഞ്ഞു.
ഇന്ത്യ സഖ്യം അവസാനിച്ചതായി മുതിർന്ന നേതാവ് ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കി. ഡി.എം.കെയുടെ തോളിലേറി നേടിയ അഞ്ച് സീറ്റുകളുമായി ഇപ്പോൾ വിജയ്‌ക്കൊപ്പം പോകുന്നത് രാഷ്ട്രീയ അധാർമ്മികതയാണെന്ന് വക്താവ് ശരവണൻ അണ്ണാദുരൈ പ്രതികരിച്ചു. ബംഗാളിൽ മമത ബാനർജിയും തമിഴ്‌നാട്ടിൽ സ്റ്റാലിനും കോൺഗ്രസിനെതിരെ തിരിയുന്നത് 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.