ബാറിലെ തർക്കം റോഡിലേക്ക് നീണ്ടു; സ്‌കൂട്ടറിൽ കാറിടിപ്പിച്ച് പ്രതികാരം, 18-കാരിയായ ശ്രീലങ്കൻ അഭയാർത്ഥി കൊല്ലപ്പെട്ടു

 

ചെന്നൈയിൽ ബാറിലുണ്ടായ തർക്കത്തിന് പിന്നാലെ പെൺകുട്ടികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തി. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി (18) ആണ് കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന 17 വയസ്സുകാരിയായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുകൻ (21), ജോഷ്വാ (19), കിഷോർകുമാർ (19) എന്നിവരാണ് പിടിയിലായവർ.

തുടക്കം ബാറിലെ നൃത്തത്തിനിടെ; പിന്നാലെ കൈയാങ്കളി

കഴിഞ്ഞദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽവെച്ചാണ് സംഭവങ്ങളുടെ തുടക്കം. യാൻസിയും സുഹൃത്തുക്കളും ബാറിൽ നൃത്തം ചെയ്യുന്നതിനിടെ അവിടെയുണ്ടായിരുന്ന മറ്റൊരു സംഘം യുവാക്കളുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇരുസംഘങ്ങളും തമ്മിൽ തർക്കം രൂക്ഷമായതോടെ ബാറിലെ ബൗൺസേഴ്‌സ് ഇടപെട്ടാണ് ഇവരെ മാറ്റിയത്. എന്നാൽ, ബാറിൽനിന്ന് പുറത്തിറങ്ങിയശേഷവും റോഡിൽവെച്ച് ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും തുടർന്നു. ഇതോടെ ബൗൺസേഴ്‌സ് വീണ്ടും ഇടപെട്ട് ഇവരെ സ്ഥലത്തുനിന്ന് പറഞ്ഞുവിട്ടു.

കാറിന് നേരെ കല്ലേറ്; പിന്തുടർന്ന് ഇടിച്ച് വീഴ്ത്തി

ബാറിൽ നിന്ന് മടങ്ങിയ യാൻസിയും സുഹൃത്തുക്കളും ഇരുചക്രവാഹനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്. എതിർസംഘത്തിലുള്ള യുവാക്കൾ കാറിലായിരുന്നു. യാത്രാമധ്യേ വഴിയിൽവെച്ച് യുവാക്കളുടെ കാർ കണ്ട യാൻസിയും സുഹൃത്തുക്കളും കാറിന് നേരേ കല്ലെറിഞ്ഞ ശേഷം സ്‌കൂട്ടറിൽ വേഗത്തിൽ ഓടിച്ചുപോയി. ഇതിൽ പ്രകോപിതരായ യുവാക്കൾ കാറിൽ ഇവരെ പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു.

കാറിടിച്ച് ദൂരേക്ക് തെറിച്ചുവീണ യാൻസി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന പതിനേഴുകാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനം; ബാർ പൂട്ടിച്ചു

ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച തർക്കമുണ്ടായ ചെന്നൈയിലെ സ്വകാര്യ ബാർ അധികൃതർ ഇടപെട്ട് പൂട്ടിച്ചു. 21 വയസ്സ് തികയാത്തവർക്ക് പ്രവേശനമില്ലെന്ന നിയമം ലംഘിച്ച് 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിച്ചതിനാണ് ബാറിനെതിരെ നടപടിയെടുത്തത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസിൽ ഒളിവിലുള്ള ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.