തെലങ്കാന കോൺഗ്രസിൽ പോര് രൂക്ഷമാകുന്നു; രേവന്ത് റെഡ്ഡിക്കെതിരെ പരസ്യ വെല്ലുവിളിയുമായി മന്ത്രിപുത്രി

 

തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യ പോരിലേക്ക്. മുതിർന്ന മന്ത്രി കൊണ്ഡ സുരേഖയുടെ മകൾ കൊണ്ഡ സുസ്മിത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് പാർട്ടിയിലെ കലാപം രൂക്ഷമായത്. പർക്കൽ മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച സുസ്മിത, പാർട്ടി ടിക്കറ്റ് നിഷേധിച്ചാൽ സ്വതന്ത്രയായി ജനവിധി തേടുമെന്നും പ്രഖ്യാപിച്ചു.

നിലവിലെ എംഎൽഎ രേവൂരി പ്രകാശ് റെഡ്ഡിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുള്ളതാണ് സുസ്മിതയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിക്ക് അഹങ്കാരമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ അതൃപ്തരാണെന്നും അവർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്തുവിടുമെന്ന ഭീഷണിയും അവർ മുഴക്കിയിട്ടുണ്ട്.

പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി മന്ത്രി കൊണ്ഡ സുരേഖയ്ക്ക് നോട്ടീസ് അയച്ചു. അച്ചടക്ക ലംഘനത്തിന് മുതിർന്ന നേതാവ് ജക്കിഡി പ്രഭാകർ റെഡ്ഡിയെ സസ്പെൻഡ് ചെയ്യുകയും മുൻ മന്ത്രി ചിന്ന റെഡ്ഡിയോടും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. പഴയകാല നേതാക്കളും പുതിയ നേതൃത്വവും തമ്മിലുള്ള അധികാര തർക്കം മുറുകുന്നത് കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത തലവേദനയാകുകയാണ്.