ആദ്യഘട്ട പത്മ പുരസ്കാര വിതരണം ഇന്ന്; പ്രമുഖർ രാഷ്ട്രപതി ഭവനിലെത്തും

 

ഈ വർഷത്തെ ആദ്യഘട്ട പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. ചടങ്ങിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും. രണ്ട് പത്മവിഭൂഷൺ, ആറ് പത്മഭൂഷൺ, 58 പത്മശ്രീ എന്നിവയുൾപ്പെടെ 66 പുരസ്കാരങ്ങളാണ് ഇന്ന് നടക്കുന്ന ആദ്യഘട്ട ചടങ്ങിൽ കൈമാറുന്നത്.

ഈ വർഷം ആകെ 131 പത്മ പുരസ്കാരങ്ങൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ ബാക്കിയുള്ള പുരസ്കാരങ്ങൾ പിന്നീട് നടക്കുന്ന രണ്ടാം ഘട്ട ചടങ്ങിൽ വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. കല, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, സാഹിത്യം, കായികം, സിവിൽ സർവീസ് തുടങ്ങി വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്കാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.