കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് അന്വേഷണ സമിതി
ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് ലോക്‌സഭാ അന്വേഷണ സമിതി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ യശ്വന്ത് വർമയ്ക്ക് കഴിഞ്ഞില്ലെന്ന് മൂന്ന് അംഗ അന്വേഷണ സമിതി ലോക്‌സഭാ സ്പീക്കർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. പരിശോധനയ്ക്ക് മുമ്പ് ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽനിന്ന് തെളിവുകൾ മാറ്റാൻ ശ്രമം നടന്നതായും സമിതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മാർച്ച് 14ന് രാത്രിയാണ് ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളാണ് സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിൽ വൻതോതിൽ കറൻസി നോട്ടുകൾ കണ്ടെത്തിയത്.
അതേസമയം, ജസ്റ്റിസ് യശ്വന്ത് വർമ ഇതിനകം രാജിവച്ചതിനാൽ അദ്ദേഹത്തിനെതിരായ പുറത്താക്കൽ നടപടികൾ സാങ്കേതികമായി അപ്രസക്തമായിരിക്കുകയാണ്. രാജി നിയമ മന്ത്രാലയം ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല.ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ വിവാദത്തെ തുടർന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.