ഒമ്പതാം ക്ലാസിലെ ത്രിഭാഷാ പദ്ധതി; വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കരുതെന്ന് സുപ്രീം കോടതി
ഒമ്പതാം ക്ലാസ് മുതൽ ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പുതിയ ഭാഷ പഠിക്കുന്നത് അധിക സമ്മർദമുണ്ടാക്കുമെന്നായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചിന്റെ നിരീക്ഷണം.
തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർണായക പരാമർശം. ഒമ്പതാം ക്ലാസ് വിദ്യാർഥികൾ ഇതിനകം തന്നെ പഠന സമ്മർദം നേരിടുന്ന സമയമാണെന്നും, ഈ ഘട്ടത്തിൽ പുതിയ ഭാഷ പഠിക്കാൻ നിർബന്ധിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.നിർബന്ധമെങ്കിൽ ആറാം ക്ലാസ് മുതൽ പദ്ധതി നടപ്പിലാക്കിക്കൂടേ എന്നും കോടതി ചോദിച്ചു.സിബിഎസ്‌ഇ, ഐസിഎസ്‌ഇ, സ്റ്റേറ്റ് ബോർഡ് സിലബസുകൾ പ്രകാരം പത്താം ക്ലാസിൽ പൊതുപരീക്ഷ എഴുതും.
അതു കൊണ്ടു തന്നെ എട്ടാം ക്ലാസ് പൂർത്തിയാക്കുന്നതു മുതലേ വിദ്യാർഥികൾക്ക് സമ്മർദം വർധിക്കും. അതു കൊണ്ട് കേന്ദ്ര സർക്കാർ ഒമ്പതാം ക്ലാസിൽ പുതിയ ഭാഷാ പദ്ധതി നടപ്പിലാക്കരുതെന്നും കോടതി വ്യക്തമാക്കി. ഹിന്ദി തന്നെ മൂന്നാം ഭാഷയായി പഠിക്കണമെന്ന് നിർബന്ധമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ ഭാഷയ്ക്കും ഇംഗ്ലിഷിനും പുറമേ ഒരു ഭാഷ കൂടി എന്നാണ് പറയുന്നത്. അതിൽ ഹിന്ദി എന്ന് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.