നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്
ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം' എന്നാക്കി മാറ്റി. വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകാനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ-ജെവാർ' എന്നായിരിക്കും പുതിയ പേര്.
ഉത്തർപ്രദേശിന് ലഭിച്ച വലിയ സമ്മാനമാണ് ജെവാറിലെ വിമാനത്താവളമെന്നും പ്രധാനമന്ത്രിയോടുള്ള നന്ദിസൂചകമായാണ് പേരുമാറ്റമെന്നും യോഗി പറഞ്ഞു. ഡൽഹി എൻസിആർ മേഖലയിലെ വിമാനഗതാഗത തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച വിമാനത്താവളം മാർച്ച് 28നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ പ്രധാന വ്യോമഗതാഗത കേന്ദ്രങ്ങളിലൊന്നായി വിമാനത്താവളം മാറുമെന്നാണ് പ്രതീക്ഷ. ജൂൺ 15ന് ലഖ്നൗവിൽനിന്നെത്തിയ ഇൻഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ഇറങ്ങിയത്.