'പ്രധാനമന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു'; ടി.എൻ. പ്രതാപൻ സുപ്രീം കോടതിയിൽ

 

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, ദൂരദർശനിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ സുപ്രീം കോടതിയെ സമീപിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അദ്ദേഹം റിട്ട് ഹർജി ഫയൽ ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിസ്സംഗതയെയും പ്രതാപൻ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

ഏപ്രിൽ 18-ന് ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തിൽ സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ നികുതിപ്പണവും രാഷ്ട്രീയ പ്രചാരണത്തിനായി പ്രധാനമന്ത്രി ഉപയോഗിച്ചെന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ, ഔദ്യോഗിക മാധ്യമത്തിലൂടെ കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ചത് ചട്ടലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കാത്തത് ജനാധിപത്യം ഉറപ്പുനൽകുന്ന തുല്യമായ അവസരങ്ങളെ അട്ടിമറിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു പ്രധാനമന്ത്രി വിവാദമായ രാഷ്ട്രീയ പരാമർശങ്ങൾ നടത്തിയത്. പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകരായ സുവിദത്ത് സുന്ദരം, രാഖേഷ് ശർമ്മ എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന ആശങ്കയും ഹർജിയിൽ പ്രകടിപ്പിക്കുന്നുണ്ട്.