നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടത്താൻ നിശ്ചയിച്ച പ്രതിഷേധ മാർച്ച് മാറ്റിവയ്ക്കണം; വീണ്ടും ആവശ്യവുമായി വ്യാപാരിസംഘടന;രാഹുൽഗാന്ധിക്കും ഖർഗെയ്ക്കും കത്തയച്ചു
നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ മാർച്ച് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കത്തയച്ച് ഡൽഹിയിലെ വ്യാപാരികൾ. ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലാണ് ആവശ്യം ഉന്നയിച്ചത്. മാർച്ച് നവംബർ 10 വരെ മാറ്റിവയ്ക്കുകയോ മറ്റൊരു വേദിയിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് ആവശ്യം.
ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്കേറിയ വ്യാപാരസീസണിൽ പ്രതിഷേധ മാർച്ച് നടത്തുന്നത് കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ചാന്ദ്നി ചൗക്ക്, സദർ ബസാർ, ഖാരി ബാവോലി, ഭഗീരഥ് പാലസ് തുടങ്ങിയ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുമെന്നും ഗതാഗതക്കുരുക്ക് വ്യാപാരത്തെ ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. മാർച്ചിൽ പത്തുലക്ഷത്തോളം പേർ പങ്കെടുക്കുകയും 20,000ത്തോളം വാഹനങ്ങൾ എത്തുകയും ചെയ്യുമെന്നാണ് വ്യാപാരികളുടെ കണക്ക്.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്ന് രാഹുൽ ഗാന്ധി തിങ്കളാഴ്ച എക്സിൽ കുറിച്ചിരുന്നു. അങ്ങനെ ചെയ്താൽ 30 സെക്കൻഡിനുള്ളിൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.