സഖ്യകക്ഷികളുടെ പ്രതിഷേധം ഫലം കണ്ടു; ജ്യോതിഷി രാധൻ പണ്ഡിറ്റ് വെട്രിവേലിന്റെ നിയമനം റദ്ദാക്കി വിജയ്
വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ, വിവാദമായ ജ്യോതിഷി നിയമനം റദ്ദാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ (CMO) പ്രത്യേക ഓഫീസറായി നിയമിക്കാനുള്ള തീരുമാനമാണ് സഖ്യകക്ഷികളിൽ നിന്നുള്ള കടുത്ത പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയത്. ബുധനാഴ്ച രാവിലെ നിയമസഭയിൽ വിജയ് സർക്കാർ അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്.
വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കാൻ നിർദ്ദേശിച്ചത് വെട്രിവേൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ടിവികെയുടെ സഖ്യകക്ഷികളായ വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവർ നിയമനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. മതേതര സർക്കാരിൽ ഇത്തരം നിയമനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ശാസ്ത്രീയ അവബോധം വളർത്തേണ്ടത് സർക്കാരിന്റെ കടമയാണെന്നും വിസികെ ജനറൽ സെക്രട്ടറി ഡി. രവികുമാർ വ്യക്തമാക്കി. ഒരു ജ്യോത്സ്യന് എന്തിനാണ് കാബിനറ്റ് പദവി നൽകുന്നതെന്ന് കോൺഗ്രസ് എംപി ശശികാന്ത് സെന്തിലും ചോദിച്ചു. യുവാക്കൾക്ക് എന്ത് സന്ദേശമാണ് ഈ നിയമനം നൽകുന്നതെന്ന് ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് നിയമസഭയിൽ ചോദിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന രാധൻ പണ്ഡിറ്റ് വെട്രിവേൽ, എഐഎഡിഎംകെ കാലത്തെ പല നിർണ്ണായക തീരുമാനങ്ങളിലും സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയാണ്. എന്നാൽ ജയലളിത ജയിലിൽ പോകില്ലെന്ന അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയതോടെയാണ് അവർ തമ്മിൽ അകന്നത്. വിശ്വാസ വോട്ടെടുപ്പിലെ വിജയം ആഘോഷിക്കുന്ന വേളയിൽ സഖ്യകക്ഷികൾക്കിടയിൽ വിള്ളൽ വീഴാതിരിക്കാനും ഭരണത്തിന്റെ തുടക്കത്തിൽ തന്നെ വിവാദങ്ങൾ ഒഴിവാക്കാനുമാണ് മുഖ്യമന്ത്രി വിജയ് ഇപ്പോൾ ഈ പിന്മാറ്റം നടത്തിയിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.