രാജ്യങ്ങളുടെ പരമാധികാരം മാനിക്കണം; പശ്ചിമേഷ്യയിൽ സംഘർഷം ഒഴിവാക്കാൻ ഇന്ത്യയുടെ ആഹ്വാനം
ഇറാനിൽ നടന്ന ആക്രമണങ്ങളിലും തുടർന്ന് ആറ് ഗൾഫ് രാഷ്ട്രങ്ങളിൽ ഇറാൻ നടത്തിയ തിരിച്ചടിയിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആഹ്വാനം ചെയ്തു. ഇറാനിൽ നടന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചെങ്കിലും പ്രസ്താവനയിൽ ഇസ്രായേലിന്റെയോ അമേരിക്കയുടെയോ പേര് പ്രത്യേകം പരാമർശിച്ചിട്ടില്ല.
സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകളും നയതന്ത്ര ഇടപെടലുകളും അനിവാര്യമാണ്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് രാജ്യം പ്രാധാന്യം നൽകുന്നത്. പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശികമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും നയതന്ത്ര ദൗത്യങ്ങളുടെ മുൻഗണനയെന്നും പത്രക്കുറിപ്പിൽ പറയുന്നു.