വാദം കഴിഞ്ഞാൽ 3 മാസത്തിനകം വിധി പറയണം; ഹൈക്കോടതികൾക്ക് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം
കേസുകളിൽ വാദം പൂർത്തിയായാൽ മൂന്ന് മാസത്തിനകം വിധി പ്രസ്താവിക്കണമെന്ന് രാജ്യത്തെ ഹൈക്കോടതികൾക്ക് സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. ജാമ്യാപേക്ഷകളിൽ വാദം കേൾക്കുന്ന ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ തന്നെ വിധി പറയണം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
വിവിധ കോടതികളിൽ വാദം കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാൻ മാസങ്ങളോളം വൈകുന്നു എന്ന ആക്ഷേപത്തെ തുടർന്നാണ് സുപ്രീംകോടതിയുടെ ഈ അടിയന്തര ഇടപെടൽ. പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം വിധി പറയാൻ മൂന്ന് മാസം കഴിഞ്ഞാൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഈ വിവരം ചീഫ് ജസ്റ്റിസിനെ അറിയിക്കണം. തുടർന്ന് രണ്ടാഴ്ചയ്ക്കകം വിധി പറയാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കും. എന്നിട്ടും വിധി വന്നില്ലെങ്കിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടാകും. വാദം പൂർത്തിയായി നാല് മാസം കഴിഞ്ഞിട്ടും വിധി വന്നില്ലെങ്കിൽ കക്ഷികൾക്ക് തന്നെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ആവശ്യപ്പെടാം.
വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഒട്ടും സമയം കളയാതെ വിധി പറയണമെന്ന് കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ചാൽ ആ വിവരങ്ങൾ അന്ന് തന്നെ ജയിൽ അധികൃതരെ അറിയിക്കുകയും തടവുകാരുടെ മോചനം വേഗത്തിലാക്കുകയും വേണം. കൂടാതെ, കോടതികൾ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങൾ 24 മണിക്കൂറിനുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.