തമിഴ്‌നാട്ടിൽ വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു; 144 എംഎൽഎമാരുടെ പിന്തുണ; ഡിഎംകെ സഭ ബഹിഷ്‌കരിച്ചു
കടുത്ത രാഷ്ട്രീയ നാടകങ്ങൾക്കും വാക്പോരുകൾക്കും ഒടുവിൽ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ. വിശ്വാസ പ്രമേയ വോട്ടെടുപ്പിൽ 144 എംഎൽഎമാരുടെ പിന്തുണ നേടിയാണ് തമിഴക വെട്രി കഴകം (TVK) സർക്കാർ അധികാരം ഉറപ്പിച്ചത്. വോട്ടെടുപ്പിനെ 22 പേർ എതിർത്തപ്പോൾ അഞ്ച് പേർ വിട്ടുനിന്നു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പായി പ്രധാന പ്രതിപക്ഷമായ ഡിഎംകെയും ബിജെപി, പിഎംകെ പാർട്ടികളും സഭ ബഹിഷ്‌കരിച്ചിറങ്ങിപ്പോയി.
വിജയിയുടെ ടിവികെ സർക്കാരിന് എഐഎഡിഎംകെയിലെ വിമത വിഭാഗം നൽകിയ പിന്തുണയാണ് നിർണ്ണായകമായത്. എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി വിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ വിപ്പ് നൽകിയിരുന്നെങ്കിലും, 24 എംഎൽഎമാർ അത് ലംഘിച്ച് വിജയ് സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു. സഭയിൽ സ്വന്തമായി 107 അംഗങ്ങളാണ് ടിവികെക്ക് ഉള്ളത്. ഇതിന് പുറമെ കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2), വിസികെ (2), ഐയുഎംഎൽ (2) എന്നീ പാർട്ടികളും പുറത്താക്കപ്പെട്ട എഎംഎംകെ എംഎൽഎ കാമരാജും പ്രമേയത്തെ അനുകൂലിച്ചു.
അതേസമയം, വോട്ടെടുപ്പിന് മുൻപ് സഭയിൽ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. വിജയ് സർക്കാരിന് യഥാർത്ഥത്തിൽ 106 എംഎൽഎമാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ വേണ്ടിയാണ് ഡിഎംകെ സഖ്യകക്ഷികൾ ടിവികെയെ പിന്തുണച്ചതെന്നും ഉദയനിധി ആരോപിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 65 ശതമാനം വോട്ടർമാരും ടിവികെയെ തള്ളിക്കളഞ്ഞതാണെന്ന് വോട്ടുവിഹിതം ചൂണ്ടിക്കാട്ടി അദ്ദേഹം പരിഹസിച്ചു. എന്നാൽ മതേതര പാർട്ടികളുടെ നിരുപാധിക പിന്തുണ സർക്കാരിനുണ്ടെന്നും അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുമെന്നും വിസികെ എംഎൽഎ വന്നി അരശ് സഭയിൽ വ്യക്തമാക്കി.