‘രാജ്യം മുഴുവൻ ജന്തർ മന്തറായി മാറും’: പ്രതിഷേധ വേദി നിരോധിച്ച ഡൽഹി പോലീസിനെതിരെ സി.ജെ.പി

 

ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പ്രധാന സമരവേദിയായ ജന്തർ മന്തറിനെ പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഡൽഹി പോലീസിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി 'കോക്രോച്ച് ജനത പാർട്ടി' (CJP) സ്ഥാപകൻ അഭിജിത് ദിപ്കെ. ജന്തർ മന്തറിനെ നിരോധിച്ചതുകൊണ്ട് സമരങ്ങൾ അവസാനിപ്പിക്കാനാവില്ലെന്നും അങ്ങനെ ചെയ്താൽ ഇന്ത്യയിലെ മുഴുവൻ പ്രദേശങ്ങളും ജന്തർ മന്തറായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ജന്തർ മന്തറിന് പകരം രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി മൈതാനം എന്നിവയെ പ്രതിഷേധങ്ങളുടെ പുതിയ വേദികളായി ഡൽഹി പോലീസ് നിശ്ചയിച്ചത്. വോട്ടർപട്ടിക പുതുക്കൽ (SIR) നടപടികളിലെ ക്രമക്കേടുകൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ജന്തർ മന്തറിൽ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് പുതിയ വേദി പ്രഖ്യാപനം വന്നിരിക്കുന്നത്.