പകര്‍പ്പവകാശ ലംഘനം നടന്നിട്ടില്ല; സിനിമയില്‍ നിന്നുള്ള ബിഹൈന്‍റ് ദ സീന്‍ വ്യക്തിഗത ലൈബ്രറി ശേഖരത്തിൽ നിന്ന് , ധനുഷിന് മറുപടി നൽകി നയൻ 

 

 

നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേശ് ശിവനും നടന്‍ ധനുഷിന്‍റെ കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇപ്പോള്‍ ധനുഷിന്‍റെ വക്കീല്‍ നോട്ടീസിന് വക്കീല്‍ മുഖേന മറുപടി നല്‍കിയിരിക്കുകയാണ് നയന്‍താര. നയന്‍താരയുടെയും വിഘ്നേഷിന്‍റെയും പ്രണയവും വിവാഹവും പറയുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താര ബീയോണ്ട് ദ ഫെയറി ടെയിലില്‍ ധനുഷ് നിര്‍മ്മാതാവായ  'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ ബിഹെയ്ന്‍റ് ദ സീന്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. 

പകര്‍പ്പവകാശ ലംഘനം നടന്നു എന്ന് ആരോപിച്ചാണ് നയന്‍താരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ലിക്സിനും ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം  നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തുവെന്നാണ് വിവരം. 

ഒരു ലംഘനവും നടന്നിട്ടില്ല.   ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് സിനിമയില്‍ നിന്നുള്ള ബിഹൈന്‍റ് ദ സീന്‍ ഭാഗമല്ല, അത് വ്യക്തിഗത ലൈബ്രറിയുടെ ഭാഗമായുള്ള ദൃശ്യങ്ങളാണ്. അതിനാൽ, ഇതൊരു ലംഘനമല്ല" എന്നാണ് മറുപടിയിൽ നയൻ താരയും വിഘ്നേഷും വിശദീകരിക്കുന്നത്.  എന്നാല്‍ ഈ മറുപടിയില്‍ തൃപ്തിയില്ലാതെയാണ് ധനുഷ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം.