അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്‌നാട് ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; എൽ. മുരുകനും തമിഴിസൈയും മത്സരരംഗത്ത്

 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. സഖ്യകക്ഷിയായ എഐഎഡിഎംകെയുമായുള്ള ധാരണപ്രകാരം ബിജെപി മത്സരിക്കുന്ന 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. എന്നാൽ, ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ പേര് പട്ടികയിൽ ഇല്ലാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കോയമ്പത്തൂർ നോർത്ത് സീറ്റിൽ മത്സരിക്കാൻ അണ്ണാമലൈ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി അത് അംഗീകരിച്ചില്ല.

കേന്ദ്രമന്ത്രി എൽ. മുരുകൻ അവിനാശി മണ്ഡലത്തിൽ നിന്നും മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ മൈലാപ്പൂരിൽ നിന്നും ജനവിധി തേടും. മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസൻ കോയമ്പത്തൂർ നോർത്തിൽ നിന്ന് മത്സരിക്കും. ഇതേ സീറ്റിലായിരുന്നു അണ്ണാമലൈ കണ്ണ് വെച്ചിരുന്നത്. മറ്റ് പ്രധാന സ്ഥാനാർത്ഥികളിൽ മോഡക്കുറിച്ചിയിൽ കീർത്തിക ശിവകുമാർ, വിളവൻകോട് മണ്ഡലത്തിൽ എസ്. വിജയധരണി, തള്ളി സീറ്റിൽ നാഗേഷ് കുമാർ എന്നിവരും ഉൾപ്പെടുന്നു.

എഐഎഡിഎംകെ നയിക്കുന്ന സഖ്യത്തിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ആകെയുള്ള 234 സീറ്റുകളിൽ 27 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. സഖ്യകക്ഷികളായ പിഎംകെ 18 സീറ്റിലും ടിടിവി ദിനകരന്റെ എഎംഎംകെ 11 സീറ്റുകളിലും മത്സരിക്കും. എഐഎഡിഎംകെ ഏകദേശം 170 സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.