'ഇത് തെമ്മാടിഭരണം; പ്രധാനമന്ത്രിയെന്ന നിലയിൽ മോദി ഇന്ത്യയ്ക്ക് നാണക്കേട്': മോചിതനായതിന് പിന്നാലെ അഭിജീത് ദീപ്കെ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭിജീത് ദീപ്‌കെ. ഡൽഹി പോലീസിന്റെ തടങ്കലിൽ നിന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവുപ്രകാരം മോചിതനായതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ മോദി രാജ്യത്തിന് നാണക്കേടാണെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീരുവാണ് അദ്ദേഹമെന്നും ദീപ്കെ തുറന്നടിച്ചു.
24 മണിക്കൂറോളം നീണ്ട കസ്റ്റഡിക്കുശേഷം കോടതി മോചനം അനുവദിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു (X) ദീപ്കെയുടെ പ്രതികരണം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിൽ, സി.ജെ.പി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.