ജമ്മു കശ്മീരിൽ സിആർപിഎഫ് ചെക്ക്പോസ്റ്റിനുനേരെ ഭീകരാക്രമണം: മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്
Nov 11, 2026, 17:40 IST
ജമ്മു കശ്മീരിൽ സി.ആർ.പി.എഫ്. ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാനിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ അനന്ത്‌നാഗ് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സി.ആർ.പി.എഫ്. പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികൾ ചെക്ക്‌പോസ്റ്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഭീകരർക്കായി പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.