കർണാടക വനത്തിൽ വെടിവെയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു; വേട്ടക്കാരെന്ന് വനപാലകർ, പ്രക്ഷോഭവുമായി നാട്ടുകാർ

 

കർണാടകയിലെ കാവേരി വൈൽഡ് ലൈഫ് സാങ്ച്വറിയോട് ചേർന്നുള്ള വനത്തിൽ വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇവർ വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ, ആരോപണം നിഷേധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ചാമരാജനഗർ ജില്ലയിലെ ഹാനൂർ താലൂക്ക് തോമിയാർപാളയം സ്വദേശികളാണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽ മൃഗങ്ങളെ വേട്ടയാടി മാംസം വേർതിരിക്കവേ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും, തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് മൂവരും കൊല്ലപ്പെട്ടതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.

സംഭവത്തെ തുടർന്ന് രോഷാകുലരായ ഗ്രാമവാസികൾ കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസ് ആക്രമിച്ചു തകർത്തു. ഫർണിച്ചറുകളും മറ്റ് സാധനങ്ങളും റോഡിലേക്ക് വലിച്ചെറിഞ്ഞ് വലിയ പ്രതിഷേധമാണ് നടത്തിയത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഹാനൂരിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ മൈസൂരിലെ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.