ജാർഖണ്ഡിൽ കോബ്ര ഓപ്പറേഷൻ: മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ചു

 

ജാർഖണ്ഡിലെ ഹസാരിബാഗിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാസേന. തിങ്കളാഴ്ച രാവിലെ 6 മണിയോടെയുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന സഹ്ദിയോ സോറനെയാണ് സേന വധിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് സഹ്ദിയോ സോറൻ. കോബ്ര ബറ്റാലിയൻ പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടത്

രഹസ്യവിവരത്തെ തുടർന്നായിരുന്നു സുരക്ഷാസേന തിരച്ചിൽ നടത്തിയത്. തതിഝാരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് നേതാക്കളുണ്ടെന്ന വിവരത്തെ തുടർന്ന് സംഘം തിരച്ചിൽ നടത്തിയിരുന്നു. സഹ്ദിയോ സോറനൊപ്പം മാവോയിസ്റ്റ് നേതാക്കളായ രഘുനാഥ്, ബിർസെൻ ഗഞ്ച് എന്നിവരും ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടു. ഇരുവരുടെയും തലയ്ക്ക് യഥാക്രമം 25, 10 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സുരക്ഷാസേനയുടെ തിരച്ചിൽ മേഖലയിൽ ഇപ്പോഴും തുടരുകയാണ്.

രണ്ട് ദിവസം മുൻപ് ഛത്തീസ്ഗഡിലെ ഗരിയാബന്ദിലും സുരക്ഷാസേന തലയ്ക്ക് 1 കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവിനെ വധിച്ചിരുന്നു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മൊദേം ബാലകൃഷ്ണയെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.ഛത്തീസ്ഗഡിൽ മാത്രം ഈ വർഷം ഇതുവരെ 241 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്