ബംഗാളിൽ മൂന്ന് പേർക്ക് കൂടി നിപ സ്ഥിരീകരിച്ചു; ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗബാധ പടരുന്നു

 

പശ്ചിമ ബംഗാളിൽ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം അഞ്ചായി. ഒരു ഡോക്ടർക്കും നഴ്‌സിനും മറ്റൊരു ആരോഗ്യപ്രവർത്തകനുമാണ് പുതുതായി രോഗം ബാധിച്ചത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബർസാത്തിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ രോഗബാധിതരെല്ലാം ബെലെഘട്ടയിലെ പകർച്ചവ്യാധി പ്രതിരോധ ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന നൂറിലധികം പേരെ കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 30 പേരെ ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നദിയ, പൂർവ ബർധമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ജില്ലകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. നിപ ബാധിതർ സന്ദർശിച്ച സ്ഥലങ്ങളും സമ്പർക്കപ്പട്ടികയും തയ്യാറാക്കി പ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി ഹെൽത്ത് സെക്രട്ടറി നാരായൺ സ്വരൂപ് നിഗം അറിയിച്ചു.

രോഗം സ്ഥിരീകരിച്ച നഴ്‌സുമാരിൽ ഒരാൾക്ക് ഡിസംബർ അവസാനം മുതൽ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ഇവർ ചികിത്സ തേടിയ കത്വയിലെയും ബർസാത്തിലെയും വിവിധ ആശുപത്രികളിലെ ജീവനക്കാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. 2001-ലും 2007-ലുമാണ് ഇതിനുമുമ്പ് ബംഗാളിൽ നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ 2018 മുതൽ വിവിധ വർഷങ്ങളിലായി ഉണ്ടായ നിപ വ്യാപനത്തിൽ ഇതുവരെ 24 പേർക്ക് ജീവൻ നഷ്ടമായിരുന്നു. നിലവിൽ ബംഗാളിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.