ഛത്തീസ്ഗഢിൽ ബിജെപി നേതാവുൾപ്പെടെ മൂന്ന് പേരെ തീയിട്ട് കൊലപ്പെടുത്തി
ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി. മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ ഭരത് സിംഗ് (ലല്ല സിംഗ്), ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണത്തെച്ചൊല്ലിയുള്ള ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.ചൊവ്വാഴ്ച രാത്രി സോൻഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലായിരുന്നു സംഭവം. ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്യുവി ട്രക്കുകൾ ഉപയോഗിച്ച് തടഞ്ഞുനിർത്തിയ ശേഷം ആക്രമികൾ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
വാഹനത്തിനുള്ളിൽ കുടുങ്ങിയ ഭരത് സിംഗ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മായങ്ക് സിംഗ് ഗുരുതരാവസ്ഥയിൽ ബിലാസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.മണൽ ഖനന കരാറുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് പേർക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി. അതേസമയം, കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ആവശ്യം.