പൂനെയിൽ മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കി
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി. എസ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരണപ്പെട്ടത്. പൂനെ പ്രിംപ്രി മോർവാഡിയിലെ വാടക ഫ്ലാറ്റിലായിരുന്നു സംഭവം.
ഫ്ലാറ്റിനുള്ളിൽ കരി കത്തിച്ച് വിഷവാതകം ശ്വസിച്ചും വിഷം ഉള്ളിൽ ചെന്നുമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ അയൽവാസികൾ മൂവരെയും ഉടൻ തന്നെ പ്രിംപ്രിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിനോദിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിൽജയും പൂർണിമയും പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സാമ്പത്തിക ബാധ്യതകളാണ് പിയാസത്യത്തിലേക്ക് നയിച്ചതെന്ന് ഫ്ലാറ്റിൽ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സംഭവത്തിൽ സന്ത് തുക്കാറാം നഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.