തൃക്കാർത്തിക ആഘോഷം; മധുര മല്ലിപ്പൂവിന് കിലോയ്ക്ക് 2,500 രൂപ

 

തൃക്കാർത്തിക ആഘോഷം അടുത്തതോടെ തമിഴ്‌നാട്ടിൽ പൂവില കുതിച്ചുയരുന്നു. പ്രശസ്തമായ മധുര മല്ലിപ്പൂവിന് കിലോഗ്രാമിന് 2,500 രൂപയാണ് തിങ്കളാഴ്ചത്തെ വില. തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും മൂലം പൂക്കളുടെ ലഭ്യത കുറഞ്ഞതാണ് വില വർധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.

പിച്ചിപ്പൂവിനും മുല്ലപ്പൂവിനും കിലോഗ്രാമിന് 1,000 രൂപയാണ് വില. വെളുത്ത അരളിക്ക് 400 രൂപയും ചുവന്ന അരളിക്ക് 300 രൂപയും ജമന്തിക്ക് 250 രൂപയും ചെണ്ടുമല്ലിക്ക് 70 രൂപയുമാണ് വില. താമര ഒന്നിന് 35 രൂപയാണ് നിരക്ക്.

നവംബർ 24-നാണ് തൃക്കാർത്തിക ആഘോഷം. മധുരയിലെ വടിപ്പട്ടി, പാളമേട്, അലാങ്കനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ വിപണിയിലെത്തുന്നത്.

അതേസമയം, മധുരയിലെ പൂക്കൾക്ക് വിദേശ വിപണിയിലും വലിയ ആവശ്യക്കാരുണ്ട്. സിംഗപ്പൂർ, മലേഷ്യ, ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ടൺ കണക്കിന് പൂക്കളാണ് ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നത്. ആഘോഷകാലത്തെ ആവശ്യകതയും കുറഞ്ഞ ലഭ്യതയും പൂവിപണിയിൽ വില വർധനയ്ക്ക് കാരണമായിട്ടുണ്ട്.