ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്: മുഖ്യപ്രതി സമീർ ഹരിയാനയിൽ പിടിയിൽ

 

മുംബൈ ജൂഹുവിൽ ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ നടന്ന വെടിവയ്പ് കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. ആക്രമണത്തിനായി വാടക കൊലയാളികളെ ഏർപ്പാടാക്കിയ കേസിൽ സമീർ എന്നയാളെ ഹരിയാന പൊലീസാണ് പിടികൂടിയത്. അതിനിടെ, രാജസ്ഥാനിൽ നിന്നും നേരത്തെ പിടിയിലായ മൂന്ന് പ്രതികളുമായി മുംബൈ ക്രൈംബ്രാഞ്ച് സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചു.

ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് സമീർ ആക്രമണം ആസൂത്രണം ചെയ്തത്. അമൃത്സറിലെ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതികളായ റൈഹാൻ, ഫൂൽസിങ് എന്നിവരെ സമീറാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. 35,000 രൂപയും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തായിരുന്നു ഇവരെ മുംബൈയിലേക്ക് അയച്ചത്. അവിടെയെത്തിയ ശേഷം ഓൺലൈൻ ടാക്‌സി ഡ്രൈവറായ റിതികിനെയും ഇവർ സംഘത്തിൽ കൂട്ടി.

അനിൽ പണ്ഡിറ്റ് വിദേശത്തുനിന്നയച്ച പണം സംഘം സ്വീകരിക്കുകയും മുംബൈയിലെ കുപ്പത്തൊട്ടിയിൽ സമീർ ഒളിപ്പിച്ചിരുന്ന തോക്കുകൾ കൈക്കലാക്കുകയുമായിരുന്നു. പത്ത് ദിവസത്തോളം ടൈഗർ ഷ്റോഫിനെ പിന്തുടർന്ന് നിരീക്ഷിച്ച ശേഷമാണ് ഞായറാഴ്ച രാത്രി ഇവർ ആക്രമണം നടത്തിയത്. ഡൽഹി വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവെ രാജസ്ഥാനിലെ കോട്ടയിൽ വെച്ചാണ് മൂവർസംഘം പിടിയിലായത്. സുരക്ഷാ ഭീഷണിയെ തുടർന്ന് കൂടുതൽ പൊലീസ് സംരക്ഷണത്തിലാണ് പ്രതികളെ മുംബൈയിലേക്ക് എത്തിക്കുന്നത്.