തിയേറ്ററിനുള്ളിൽ വെച്ച് പീഡനം; തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ലക്ഷം രൂപ പിഴയും

 

പതിനാറുകാരിയെ തിയേറ്ററിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് പൈനാവ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

മറയൂർ സ്വദേശിനിയായ പെൺകുട്ടിയെ ഫോണിലൂടെ പരിചയപ്പെട്ട് ജോലി വാഗ്ദാനം നൽകിയാണ് പ്രതി തിരുപ്പൂരിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ആൾത്തിരക്ക് കുറഞ്ഞ തിയേറ്ററിനുള്ളിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിൽ മറയൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തത്.

പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി. സമാനമായ കേസുകളിൽ പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതാണ് കോടതിയുടെ ഈ വിധി.