മുർഷിദാബാദിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മൂന്ന് മരണം

 

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ലെവൽ ക്രോസിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വാൻ ഡ്രൈവറും രണ്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

ബഹറംപൂർ മേഖലയിലെ കർണസുബർണ റെയിൽവേ ക്രോസിങ്ങിൽ വെച്ചാണ് സംഭവം. വിദ്യാർത്ഥികളുമായി പോയ വാനിലേക്ക് നിംതിത-കത്വ പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയതിന് ശേഷം ഗേറ്റ് തുറന്ന സമയത്താണ് തൊട്ടടുത്ത ട്രാക്കിലൂടെ അപ്രതീക്ഷിതമായി പാസഞ്ചർ ട്രെയിൻ എത്തിയത്. ഗേറ്റ് കീപ്പറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. രണ്ടാമത്തെ ട്രാക്കിലൂടെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു കൊടുത്തതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. സംഭവത്തിൽ റെയിൽവേയും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.