ബിഹാറിൽ അധികാര കൈമാറ്റം; നിതീഷ് കുമാർ ഏപ്രിൽ 14-ന് രാജിവെക്കും, സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായേക്കും
ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ അധികാര കൈമാറ്റത്തിന് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഏപ്രിൽ 14-ന് സ്ഥാനം രാജിവെക്കുമെന്ന് ഉറപ്പായി. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി വ്യാഴാഴ്ച ഡൽഹിയിലെത്തും. ഏപ്രിൽ 10-ന് അദ്ദേഹം രാജ്യസഭയിൽ അംഗമായി ചുമതലയേൽക്കും. നിതീഷ് കുമാറിന്റെ പിൻഗാമിയെ നിശ്ചയിക്കുന്നതിനായി ഏപ്രിൽ 13-ന് ബിഹാർ കാബിനറ്റ് യോഗം ചേരും. മുഖ്യമന്ത്രിയുടെ കസേര ദീർഘകാലം ഒഴിഞ്ഞുകിടക്കരുത് എന്ന കർശന നിലപാട് അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയാകാനാണ് സാധ്യത. തന്റെ പിൻഗാമിയായി സാമ്രാട്ട് ചൗധരി വരണമെന്ന ആഗ്രഹം നിതീഷ് കുമാർ ഇതിനകം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
മുൻപ് നടന്ന പൊതുപരിപാടികളിൽ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി അദ്ദേഹം വിശേഷിപ്പിച്ചതും ഈ മാറ്റത്തിന്റെ സൂചനയായിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഏപ്രിൽ 15-ന് നടക്കാനാണ് സാധ്യതയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ദീർഘകാലം ബിഹാർ രാഷ്ട്രീയത്തെ നയിച്ച നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ യുഗത്തിന്റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്.