തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി; 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

 

പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസിന്റെ (TMC) 440 കോടിയോളം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയിലെ വിമത എം.എൽ.എമാർ നൽകിയ പരാതിയിലാണ് ഒരു സ്വകാര്യ ബാങ്കിലെ മൂന്ന് അക്കൗണ്ടുകൾക്കെതിരെ സൈബർ ക്രൈം പൊലീസ് നടപടിയെടുത്തത്. അക്കൗണ്ടുകളിൽ നിന്നുള്ള പണം പിൻവലിക്കുന്നത് തടഞ്ഞിട്ടുണ്ടെങ്കിലും നിക്ഷേപം സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അരൂപ് ബിശ്വാസ്, ഋതബ്രത ബാനർജി എന്നിവരുടെ നേതൃത്വത്തിൽ ചേരിതിരിഞ്ഞ് ശക്തമായ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടയിലാണ് ഋതബ്രതയെ അനുകൂലിക്കുന്ന 10 എം.എൽ.എമാർ അക്കൗണ്ടുകളിലെ പണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അഴിമതിപ്പണമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. തർക്കങ്ങൾ പരിഹരിക്കുന്നത് വരെ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് കാണിച്ച് മുൻപ് അരൂപ് ബിശ്വാസ് ബാങ്കിന് കത്ത് നൽകിയിരുന്നെങ്കിലും വിമതർ ക്രിമിനൽ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, നിലവിൽ അരൂപ് ബിശ്വാസിന് പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് മമത പക്ഷക്കാരനായ എം.എൽ.എ കുനാൽ ഘോഷ് പ്രതികരിച്ചു. ജൂൺ 5-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി തെരഞ്ഞെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തൃണമൂലിനുള്ളിലെ അധികാര തർക്കം വലിയൊരു നിയമപോരാട്ടത്തിലേക്കും പൊലീസ് അന്വേഷണത്തിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.