പശ്ചിമ ബംഗാളിൽ തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് നേരെ ആക്രമണം; തലയ്ക്ക് പരുക്ക്
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിക്കെതിരേ ആക്രമണം. ഹൂഗ്ലി ജില്ലയിലെ ചണ്ഡിതാല പൊലീസ് സ്റ്റേഷന്റെ പുറത്തുവെച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റതായി റിപ്പോർട്ട്.അറസ്റ്റിലായ തൃണമൂൽ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാനാണ് എംപി പൊലീസ് സ്റ്റേഷനിലെത്തിയത്.
പൊലീസ് സ്റ്റേഷന് പുറത്ത് നിന്ന് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു തൃണമൂൽ പ്രവർത്തകർ.അതിനിടയിൽ ഒരു സംഘം ആളുകൾ അവിടെയ്ക്ക് എത്തുകയും തൃണമൂൽ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെ സ്ഥിതി വഷളായി. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ഇതേത്തുടർന്ന് പൊലീസിനെയും കേന്ദ്ര സേനയെയും സംഭവസ്ഥലത്ത് വിന്യസിച്ചു. തനിക്കെതിരേ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും, ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നും കല്യാൺ ബാനർജി പ്രതികരിച്ചു . സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്