ത്രിപുര ഡിജിപി അനുരാഗ് ധങ്കർ മരിച്ച നിലയിൽ; സർവീസ് പിസ്റ്റൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതെന്ന് സംശയം

 

ത്രിപുര പൊലീസ് മേധാവി ഡിജിപി അനുരാഗ് ധങ്കറിനെ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. സർവീസ് പിസ്റ്റൾ ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിവെച്ചതായാണ് പ്രാഥമിക നിഗമനം.ഉടൻ തന്നെ അദ്ദേഹത്തെ അഗർത്തലയിലെ ഗോവിന്ദ് വല്ലഭ് പന്ത് (GB) ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.1994 ബാച്ച് ഐപിഎസ് ഓഫീസർ ആണ് അനുരാഗ് ധങ്കർ.

സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. കേസിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.അമിതാഭ് രഞ്ജന് ശേഷം 2025 മെയ് മാസത്തിലാണ് അനുരാഗ് ധങ്കർ ത്രിപുര ഡിജിപിയായി ചുമതലയേറ്റത്. ഡിജിപി പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ത്രിപുരയിൽ ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസായി പ്രവർത്തിച്ചിരുന്നു.സിബിഐയിലും സേവനമനുഷ്ഠിച്ചിരുന്ന ധങ്കർ നിരവധി സുപ്രധാന അന്വേഷണങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ദീർഘകാലത്തെ പൊലീസ് സേവന പരിചയവും പ്രൊഫഷണൽ സമീപനവും കൊണ്ട് ശ്രദ്ധേയനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.