തമിഴ്‌നാട്ടിൽ രാജ്യസഭയിലെ ഏക സീറ്റ് കോൺഗ്രസിന് നൽകി ടിവികെ

 

ജൂൺ 18-ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകാൻ തമിഴക വെട്രി കഴകം (TVK) തീരുമാനിച്ചു. ടി.വി.കെ നേതൃത്വം നൽകുന്ന സഖ്യത്തിലെ പ്രധാന പങ്കാളിയായ കോൺഗ്രസിന് സീറ്റ് നൽകുന്ന കാര്യം പാർട്ടി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്.

മുൻ സംസ്ഥാന മന്ത്രി കൂടിയായ സി.വി. ഷൺമുഖം രാജ്യസഭാംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഈ ഒഴിവ് വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൈലം മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മേയ് ഏഴിനാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്.

ഈ സീറ്റിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ടാണ്. ജൂൺ ഒമ്പതിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ജൂൺ 11-ന് ശേഷവും ഒന്നിലധികം സ്ഥാനാർഥികൾ രംഗത്തുണ്ടായാൽ ജൂൺ 18-ന് സെക്രട്ടേറിയറ്റിൽ വോട്ടെടുപ്പ് നടക്കുമെന്ന് റിട്ടേണിങ് ഓഫീസർ പി. തേൻമൊഴി അറിയിച്ചു.