'ടിവികെ സർക്കാർ ഏതുസമയത്തും വീഴാം, തയ്യാറായിരിക്കുക’; പ്രവർത്തകർക്ക് നിർദ്ദേശം നൽകി സ്റ്റാലിൻ

 

തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഏതുസമയത്തും താഴെവീഴാമെന്നും പ്രവർത്തകർ തിരഞ്ഞെടുപ്പിനായി സജ്ജരായിരിക്കണമെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് അദ്ദേഹം ഈ നിർണായക പരാമർശം നടത്തിയത്. 2029-ൽ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നും സ്റ്റാലിൻ നിരീക്ഷിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടിയുടെ നേതാവെന്ന നിലയിൽ താൻ ഏറ്റെടുക്കുകയാണെന്ന് സ്റ്റാലിൻ യോഗത്തിൽ വ്യക്തമാക്കി. പരാജയത്തിന്റെ പേരിൽ ഭാരവാഹികൾ പരസ്പരം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണം. തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ വീഴ്ച വരുത്തിയവർക്കെതിരെ സ്ഥാനമാനങ്ങൾ നോക്കാതെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലത്തെ 'രാഷ്ട്രീയ സുനാമി' എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ രാഷ്ട്രീയ പോരാട്ടത്തിന് പ്രാധാന്യം നൽകണമെന്നും സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സജീവമാകണമെന്നും അദ്ദേഹം പ്രവർത്തകരോട് നിർദ്ദേശിച്ചു. പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാനായി 'ഉടൻപിറപ്പിൻ കുറൽ' (www.udanpirapinkural.in) എന്ന വെബ്‌സൈറ്റും ഡിഎംകെ ആരംഭിച്ചിട്ടുണ്ട്.