ചെന്നൈയിൽ ടിവികെ ഭാരവാഹിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; അഞ്ചുപേർ കസ്റ്റഡിയിൽ

 

തമിഴ്നാട്ടിൽ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയെ പട്ടാപ്പകൽ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. ടിവികെ പ്രവർത്തകനായ കണ്ണൻ ആണ് അഡയാറിനും തിരുവാൺമിയൂരിനും ഇടയിലുള്ള റോഡിൽ ക്രൂരമായി കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം കണ്ണനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കേസിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട കണ്ണൻ മുൻപും കൊലപാതകം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും അടുത്തിടെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നിരുന്നതായും പൊലീസ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് തർക്കങ്ങളോ പഴയ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ക്വട്ടേഷൻ സംഘങ്ങളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും ജനങ്ങൾക്ക് സുരക്ഷിതത്വമില്ലെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. അതേസമയം, കേസിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പുറത്തുകൊണ്ടുവരുമെന്ന് ചെന്നൈ സിറ്റി പൊലീസ് അറിയിച്ചു.