TVKയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം', തമിഴ്നാട് ഗവർണർക്കെതിരെ കമൽഹാസൻ

 

തമിഴ്നാട് ഗവർണറുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. ജനങ്ങളുടെ തീരുമാനത്തെയും തമിഴ്നാടിനെയും അപമാനിക്കുന്നതാണ് ഗവർണറുടെ നിലപാട് എന്ന് കമൽഹാസൻ വിമർശിച്ചു.108 സീറ്റുകളുള്ള ടി വി കെ യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവർണർ നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമാണെന്നും, അതിനാൽ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരം നൽകേണ്ടതുണ്ടെന്നും കമൽഹാസൻ വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് പിന്നാലെ ഇതുവരെയും സത്യപ്രതിജ്ഞ നടക്കാത്തത് സംസ്ഥാനത്തിന് നാണക്കേടാണെന്നും അദ്ദേഹം വിമർശിച്ചു. എന്റെ സഹോദരനായ എംകെ സ്റ്റാലിൻ പറഞ്ഞത് ഞങ്ങൾ ജനങ്ങളുടെ വിധി മാനിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകുമെന്നുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാൻ മാനിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.