ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് രണ്ട് മരണം; 19 പേർ ആശുപത്രിയിൽ
Aug 19, 2026, 17:44 IST
ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. 19 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് വ്യാജമദ്യ വിൽപനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഖരക്ഡി ഗ്രാമവാസിയായ ഉപേന്ദ്രസിങ് ഗോഹിൽ ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. ഇന്ത്യൻ നിർമിത വിദേശമദ്യമെന്ന പേരിൽ വിൽപന നടത്തിയ വ്യാജമദ്യം കഴിച്ചതിനെ തുടർന്നാണ് ആരോഗ്യനില വഷളായതെന്നാണ് പ്രാഥമിക വിവരം.
മധ്യപ്രദേശിൽ നിന്നാണ് വ്യാജമദ്യം എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ വ്യാജമദ്യ വിതരണത്തിന് പിന്നിൽ ആരാണെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഭാവ്നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.
മദ്യത്തിന്റെ നിർമാണവും വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.