പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്

 

പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസാത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് നഴ്‌സുമാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഡിസംബർ അവസാന വാരത്തിൽ പുർബ ബർധമാൻ ജില്ലയിലെ കത്വയിലുള്ള തന്റെ നാട്ടിലേക്ക് പോയി മടങ്ങിയെത്തിയ നഴ്‌സിനാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് സഹപ്രവർത്തകനും സമാന ലക്ഷണങ്ങൾ പ്രകടമായി. കല്യാണി എയിംസിലെ പ്രാഥമിക പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് സാംപിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും അവിടെ നിപ സ്ഥിരീകരിക്കുകയും ചെയ്തു. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ഊർജ്ജിതമായ ശ്രമം നടത്തിവരികയാണ്.

രോഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ സർക്കാർ സംസ്ഥാനത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. രോഗബാധിതരായ നഴ്‌സുമാരുമായി അടുത്തിടപഴകിയ ഡോക്ടർമാർ, മറ്റ് നഴ്‌സുമാർ, ആംബുലൻസ് ഡ്രൈവർമാർ, ബന്ധുക്കൾ ഉൾപ്പെടെ 120-ഓളം പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമിനെ ബംഗാളിലേക്ക് അയച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ സംസ്ഥാന സർക്കാരിന് എല്ലാവിധ സാങ്കേതിക സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ട്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് പ്രധാന സർക്കാർ ആശുപത്രികളിലും പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ 2001-ൽ സിലിഗുരിയിലും 2007-ൽ നാദിയയിലുമാണ് ഇതിനുമുമ്പ് നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏകദേശം 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ മടങ്ങിയെത്തുന്നത് എന്നത് അധികൃതർ ഗൗരവകരമായി കാണുന്നു. പനി, ശ്വാസതടസ്സം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. 1998-ൽ മലേഷ്യയിലാണ് ആദ്യമായി നിപ വൈറസ് സ്ഥിരീകരിക്കുന്നത്. പിന്നീട് കേരളത്തിലും പലതവണ രോഗവ്യാപനമുണ്ടായിട്ടുണ്ട്.