മുംബൈയിൽ ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് മരണം; 5 പേർക്ക് പരിക്ക്, ദുരന്തം ഉത്സവാഘോഷത്തിനിടെ
മുംബൈയിൽ ഭുലേശ്വർരാജാ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
ഭുലേശ്വറിലെ ബലറാം മെർച്ചന്റ് റോഡിൽ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ബൈക്കുള്ളയിൽ നിന്ന് ഭുലേശ്വറിലെ പന്തലിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന വിഗ്രഹം, ലക്ഷ്യസ്ഥാനത്തിന് 50 മീറ്റർ അകലെ വെച്ച് റോഡിലേക്ക് പതിക്കുകയായിരുന്നു. വിഗ്രഹം ഉറപ്പിച്ചിരുന്ന ചട്ടത്തിലെ നട്ടുകളും ബോൾട്ടുകളും ഊരിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മുംബൈ അഗ്നിരക്ഷാസേന, പോലീസ്, ട്രാഫിക് വിഭാഗം, 108 ആംബുലൻസ് സംഘം എന്നിവർ സ്ഥലത്തെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.