ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപം: രണ്ട് നിയമ വിദ്യാർഥികൾ ഡൽഹിയിൽ അറസ്റ്റിൽ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കോടതിമുറിയിൽ അധിക്ഷേപകരമായ പരാമർശം നടത്തുകയും ജഡ്ജിമാർക്ക് നേരെ പേപ്പറുകൾ വലിച്ചെറിയുകയും ചെയ്ത രണ്ട് നിയമ വിദ്യാർഥികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗ സർവകലാശാലയിലെ നിയമ വിദ്യാർഥികളായ പ്രഭാൽ പ്രതാപ് സിങ്, ചന്ദർ ഭാൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലായ് 10-നാണ് സുപ്രീംകോടതിയിൽ ജസ്റ്റിസ്മാരായ കെ.വി. വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വന്തം കേസിൽ നേരിട്ട് ഹാജരായ പ്രഭാൽ പ്രതാപ് സിങ്, ലഖ്നൗ എ.സി.പി.ക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ സുപ്രീംകോടതിയോട് ഉത്തരവിടുന്നുവെന്ന് കോടതിമുറിയിൽ ആക്രോശിക്കുകയായിരുന്നു.
ഇതുകേട്ട ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ‘‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ’’ എന്ന് ചോദിച്ചു. ഇതിന് പിന്നാലെ പ്രഭാൽ പ്രതാപ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരേ അധിക്ഷേപകരമായ പരാമർശം നടത്തുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്ക് നേരെ വലിച്ചെറിയുകയുമായിരുന്നു.
ഗുരുതരമായ കോടതിയലക്ഷ്യമാണ് വിദ്യാർഥി നടത്തിയതെങ്കിലും അവർക്കെതിരേ നേരിട്ട് നടപടിയെടുക്കാൻ ജസ്റ്റിസ് കെ.വി. വിശ്വനാഥിന്റെ ബെഞ്ച് തയ്യാറായിരുന്നില്ല. എന്നാൽ, സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാർ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ലഖ്നൗവിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.