ഉമർ ഖാലിദ് ജാമ്യാപേക്ഷ: യുഎപിഎ കേസുകളിൽ ജാമ്യ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീം കോടതി;വിഷയം വിശാല ബെഞ്ചിന് വിട്ടു

 

യുഎപിഎ നിയമപ്രകാരം ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ സുപ്രിംകോടതി. യുഎപിഎ ചുമത്തപ്പെട്ട ഭീകരവാദ കേസുകളിൽ ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സുപ്രിംകോടതി ഉത്തരവുകളിലെ പ്രകടമായ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ കോടതി തീരുമാനിച്ചത്.2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതി എന്ന് ആരോപിക്കപ്പെടുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നീക്കം.

മെയ് 19ന് ഡൽഹി ഹൈക്കോടതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്.മുൻപ് 2021ൽ യൂണിയൻ ഓഫ് ഇന്ത്യ വേഴ്‌സസ് കെ എ നജീബ് കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്, യുഎപിഎയിലെ കർശന വ്യവസ്ഥകൾ നിലനിൽക്കുന്നുവെങ്കിലും ദീർഘകാല തടങ്കൽ ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ജാമ്യം അനുവദിക്കാനുള്ള അധികാരം നിലനിൽക്കുന്നു എന്നതാണ്.യുഎപിഎ ജാമ്യ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തുന്ന വിശാല ബെഞ്ചിന്റെ അന്തിമ തീരുമാനം സമാന കേസുകളിൽ ഭാവിയിൽ സ്വീകരിക്കേണ്ട നിയമപരമായ സമീപനത്തെ നിർണയിക്കുമെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു.