'ജനങ്ങളുടെ രാഷ്ട്രീയ, പൗര അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കരുതുന്നു’: കേജ്‌രിവാളിന്റെ അറസ്റ്റിൽ യുഎൻ

 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിലും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രതികരണവുമായി യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് രംഗത്ത്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഏത് രാജ്യത്തുമുള്ളതു പോലെ, ഇന്ത്യയിലും ജനങ്ങളുടെ രാഷ്ട്രീയ, പൗര അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ വോട്ടു ചെയ്യാൻ കഴിയുന്നുണ്ടെന്നുമാണ് തങ്ങൾ കരുതുന്നതെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. 

തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇന്ത്യയില്‍ ഉയരുന്ന ‘രാഷ്ട്രീയ അസ്വസ്ഥത’കളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേജ്‌രിവാളിന്റെ അറസ്റ്റ്, കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ തുടങ്ങിയ നടപടികളുടെ പശ്ചാത്തലത്തിൽ യുഎസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ അഭിപ്രായം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്. സംഭവത്തിൽ കഴിഞ്ഞ ദിവസം യുഎസ് നയതന്ത്രജ്ഞനെ ഡൽഹിയിൽ വിളിച്ചുവരുത്തി ഇന്ത്യ വിയോജിപ്പ് അറിയിക്കുകയും ചെയ്തു. എന്നാൽ തങ്ങൾ സുതാര്യവും നീതിപൂർവമുള്ളതും സന്ദർഭോചിതവുമായ നിയമ നടപടികളെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പ്രതികരിച്ചു.