തമിഴ്‌നാട്ടിൽ അനിശ്ചിതത്വം തുടരുന്നു; ഭൂരിപക്ഷം തെളിയിക്കാനായില്ല, വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതെ ഗവർണർ

 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാല് ദിവസം പിന്നിടുമ്പോഴും ഭരണവിഷയത്തിൽ അനിശ്ചിതത്വം തുടരുന്നു. തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഗവർണർ ആർ.വി. ആർലേക്കർ ഇതുവരെ അദ്ദേഹത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ല. നിലവിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ രേഖകൾ വിജയ് ഹാജരാക്കിയിട്ടില്ലെന്നാണ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കുന്നത്.

ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്. എന്നാൽ വിജയ്‌ക്കൊപ്പം നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കോൺഗ്രസ്, സി.പി.ഐ, സി.പി.എം എന്നീ പാർട്ടികളുമായി സഖ്യ ചർച്ചകൾ നടന്നെങ്കിലും വി.സി.കെ, മുസ്‌ലിം ലീഗ്, എ.എം.എം.കെ എന്നീ പാർട്ടികളുടെ പിന്തുണ കത്തുകൾ ഹാജരാക്കാൻ ടി.വി.കെക്ക് സാധിച്ചിട്ടില്ല. പിന്തുണയ്ക്കുന്ന എല്ലാ എം.എൽ.എമാരുടെയും ഒപ്പിട്ട കത്തുകൾ നേരിട്ട് ഹാജരാക്കണമെന്ന കർശന നിലപാടിലാണ് ഗവർണർ.

അതിനിടെ മുസ്‌ലിം ലീഗും എ.എം.എം.കെയും വിജയ്‌യുടെ സഖ്യത്തിൽ ചേരുന്ന കാര്യത്തിൽ വിമുഖത കാട്ടുന്നതായും സൂചനകളുണ്ട്. ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവ് നേരിടുന്നതോടെ നാളെ നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ മാറ്റിവെച്ചു. അടിയന്തര സാഹചര്യത്തിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മതിയായ പിന്തുണ ഉറപ്പാക്കി കത്തുകൾ ഹാജരാക്കിയാൽ മാത്രമേ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ഷണിക്കൂ എന്ന ഉറച്ച നിലപാടിലാണ് രാജ്ഭവൻ.